ഇത് നടക്കുന്നത് 1996 ഇൽ ആണ്. 2 വർഷം മലേഷ്യയിൽ ജോലി ചെയ്തു ഒരു വിഷുവിനു നാട്ടിൽ വരാൻ പ്ലാൻ ചെയ്തു . ഏപ്രിൽ നാലാം തിയതി പെനാങിൽ നിന്നും, ഏപ്രിൽ 5 )o തിയതി ചെന്നൈയിൽ നിന്നും കരിപ്പൂരേക്കും ടിക്കറ്റ് ചെയ്തു.
നമ്മുടെ പെനാങിലെ വക്കൊട്ട് ചെങ്ങായി മാരും, വക്കു പൊട്ടാത്ത ചങ്ങായിമാരും എല്ലാം കൂടി എന്നെ പെനാങിൽ കൊണ്ട് പോയി വിമാനം കയറ്റി വിട്ടു.
പിറ്റേന്ന് രാവിലെ 2 മണിക്ക് ചെന്നൈയിൽ എത്തി. 8 മണിയോടെ ഡൊമസ്റ്റിക് ടെർമിനലിൽ എത്തി, വിനീതനായി വരി നിന്ന് ഇന്ത്യൻ എയർലൈൻസിലെ കൗണ്ടറിൽ നമ്മുടെ ടിക്കറ്റ് സമർപ്പിച്ചു. ടിക്കറ്റ് കിട്ടിയ ക്ലാര്ക് എന്നെ ഒന്ന് നോക്കി, ഇവൻ എബടെന്നു വരുന്നു എന്ന ഭാവത്തിൽ. പിന്നെ ടിക്കറ്റ് എനിക്ക് മടക്കി തന്നു, പറഞ്ഞു, “ഉനക്കു ഇന്ത വിമാനത്തിൽ സീറ്റ് കിടായതു” ആകെ ഞെട്ടിപ്പോയി ഒരു മാസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു പൈസയും വാങ്ങി പോക്കറ്റിൽ ഇട്ടു ബീമാനം കേറാൻ ചെന്നപ്പോൾ ഞ്ഞമ്മക് സീറ്റ് ഇല്ലത്രെ. ഞാൻ ടിക്കറ്റും തിരികെ വാങ്ങി അവിടെ തന്നെ നിന്നും. ക്ലർക്ക് ആണെങ്കിൽ ഒരു കളക്ടറുടെ പത്രാസോടെ എന്റെ പിന്നിൽ നിന്നവർക്ക് ബുക്കിംഗ് ശരിയാക്കാനും തുടങ്ങി. വരി തീർന്നപ്പോൾ അയാൾ എന്നോട് വീണ്ടും പറഞ്ഞു “തമ്പി ചൊല്ലിയ തിരിയാമാട്ട, ഉനക്കു ഇന്ത വിമാനത്തിൽ സീറ്റ് ഇല്ല” (അനിയാ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക് ഈ വിമാനത്തിൽ ടിക്കറ്റ് ഇല്ല).
പടച്ചോനെ ഞമ്മുടെ റെയിൽവേ വരെ എന്നോട് ഇതുവരെയ്ക്കും ഇമ്മാതിരി പണി ചെയ്‌തിട്ടില്ല. പഹയന്മാർ ഇന്ന് ബുക്ക് ചെയ്ത വണ്ടി നാളെയെങ്കിലും ഓടിക്കും. എന്തായാലും കുറച്ചു നേരം നിന്നതിനു ശേഷം ഞാൻ അയാളോട് ചോദിച്ചു ” ഇതെപ്പടി സരിയവും?? ഒരു മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തു, പൈസയും വാങ്ങി ഇപ്പോൾ സീറ്റില്ലെന്നു പറയുന്നു. “അതൊന്നും എനിക്ക് തെരിയാത്, ഉന്റെ അടുക്കുന്നു ഞാൻ പണം വാങ്ങിയിരിക്കാ?” മറുപടിയും കിട്ടി. ശരിയാണല്ലോ ഞാൻ പൈസ കൊടുത്തത് ഏജന്റിനാണല്ലോ!!!!

എന്തായാലും വിട്ടു കൊടുക്കാൻ ഭാവമില്ലായിരുന്നു? കൗണ്ടറിൽ ബലമായി നിന്നു എന്റെ പൈസ തിരിച്ചു തരാൻ പറഞ്ഞു. “തമ്പി ഇങ്കെ പ്രചനം ആക്കാതെ, നീ പോയി ഡ്യൂട്ടി ഓഫീസറെ പാര്” (അനിയാ ഇവിടെ പ്രശനം ഉണ്ടാക്കാതെ പോയി ഡ്യൂട്ടി ഓഫീസർ കാണൂ)

അങ്ങിനെ ഞാൻ ഡ്യൂട്ടി ഓഫീസർ എന്ന ബോർഡ് നോക്കി അവിടെ നിന്നും വിട്ടു.

ഡ്യൂട്ടി ഓഫീസർ എന്ന അവതാരം

കുറച്ചു ചുറ്റി കറങ്ങിയപ്പോൾ അതാ തേടിയ വള്ളി കാലിൽ!!. ഡ്യൂട്ടി ഓഫീസറുടെ ഓഫീസിന്റെ സൈഡിൽ 5 കസേരകൾ ഉണ്ട് അതിൽ ഒന്നിൽ ഒരു സുന്ദരി തമിഴ് മങ്ക ഇരിക്കുന്നു. മുഖം കണ്ടാൽ കടന്നൽ കുത്തിയ മാതിരി ഉണ്ട്. എന്തെല്ലാമോ പിറു പിറുക്കുന്നുമുണ്ട്. ഡ്യൂട്ടി ഓഫീസർ രാജകീയമായി ഇരുന്നു അന്നത്തെ ഹിന്ദു പേപ്പർ വായിക്കുന്നു. ഇടയ്ക്കു ഇടം കണ്ണാൽ ഈ പെൺകുട്ടിയെ നോക്കുന്നു മുണ്ടു
എന്തായാലും ഡ്യൂട്ടി ഓഫിസറുടെ ആപ്പിസിന്റെ പുറത്തു നിന്ന് സാർ എന്ന് നീട്ടി വിളിച്ചു!!
ഉടനെ ഡ്യൂട്ടി ഓഫീസർ ” എന്ന തമ്പി എന്നാ പ്രച്ചനം” ഞാൻ ടിക്കറ്റ് കാട്ടി. ഉടനെ “തമ്പി കൊഞ്ചം നേരം ഉക്കാര്” എന്നും പറഞ്ഞു ആ സൈഡിലെ കസേരകൾ കാട്ടി തന്നു. അങ്ങിനെ ഞാനും അവിടെ ഉക്കാരി.
അപ്പോഴേക്കും പിറുപിറുക്കൽ ക്ലിയർ ആയി ഇഗ്ളീഷിൽ ആണ് പറയുന്നത്, ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കി, ഇനി വല്ല മൂത്ത കേസും ആണെങ്കിൽ ഒന്ന് സൂക്ഷിക്കാമല്ലോ!! ഞാൻ അവളെ നോക്കിയത് അവൾ കണ്ടു പിടിച്ചു, ഉടനെ എന്നോട് പറഞ്ഞു “ഇൻ ദിസ് കൺട്രി നതിങ് വിൽ വർക്ക്” അതായതു നമ്മുടെ രാജ്യത്ത് ഒന്നും നടക്കില്ല എന്ന്”
ഞാൻ ഞെട്ടിപോയി രണ്ടു മുലപ്പാൽ അതായതു തായ് പാലും തമിഴ് പാലും കുടിച്ചു വളർന്ന ഒരു തമിഴ് മങ്ക ചെന്നൈയിൽ ഇഗ്ളീഷ് പറയുന്നു. അവരുടെ ഭാഷയിൽ അവർ കുടിക്കുന്നത് തായ് പാലും, തമിഴ് പാലും ആണ്. അതിനാൽ തമിഴിനെ വിടുന്നത് സ്വന്തം അമ്മയെ വിടുന്നത് പോലെയാണ്. നമ്മൾ മലയാളികൾ അങ്ങിനെയല്ല!!. മലയാളം പൽ കുടിക്കാറില്ല. അതിനാൽ തന്നെ .വാളയാർ അതിർത്തി കടന്നാൽ മലയാളം മറന്നു പോവും
എന്തായലും ഞാൻ തിരിച്ചു നമ്മുടെ ഡ്യൂട്ടി ഓഫീസറെ ഒന്ന് നോക്കി, അയാൾ ആണല്ലോ ഈ സുന്ദരി പെണ്ണിന് പ്രശനം ഉണ്ടാക്കിയത്, അയാളാണെങ്കിൽ എന്നെ ഇടം കണ്ണാൽ പാത്തിട്ടിരിക്ക് (നോക്കിയിരിക്കുന്നു). എനിക്ക് അപകടം മനസ്സിലായി, ആ പെണ്ണിന്റെ നേരെ വല്ല സഹാനുഭൂതിയും പ്രകടിപ്പിച്ചാൽ എന്റെ പോക്കും കട്ടപ്പൊകയാവും എന്ന് മനസ്സിലായി

എന്തായാലും ഞാൻ ആ ഡ്യൂട്ടി ഓഫീസറെ നോക്കി ദയനീയമായി ഒന്ന് ചിരിച്ചു. പിന്നെ ആ പെണ്ണിനോട് ചോദിച്ചു എന്ന പ്രച്ചനം, എങ്കേന്നു വരതു, അപ്പോൾ മറുപടി തമിഴിൽ കിട്ടി. ഞാൻ ലോസ് ആൻജെലിസിൽ നിന്നും വന്തത് , അപ്പ അങ്കേന്നു പ്ലെയിൻ കേറ്റി വിട്ടു, ഇങ്കേന്നു തഞ്ചാവൂര്ക്കു പാട്ടി വീട്ടിൽ പോണം. കൗണ്ടറിൽ ചെന്നപ്പോൾ എനക്ക് സീറ്റ് ഇല്ലാ എന്ന് പറയുന്നു. എന്നെ വിമാനത്തിൽ കാണാഞ്ഞാൽ പാട്ടി അകെ ഭയന്നു പോയിടും.

അപ്പം അത് ശരി ഇന്ത തമിഴ്‌പെണ്ണു ഒരു പാലെ കുടിച്ചുട്ടുള്ളു, തായ് പാല് , അമേരിക്കയിൽ തമിഴ് പാല് അത്രയില്ലല്ലോ. അതുകൊണ്ടാണ് ഇങ്ങീഷിൽ പിറു പിറുക്കന്നത് .ഇങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് നമ്മുടെ ഡ്യൂട്ടി ആപ്പീസറുടെ ആജ്ഞ “തമ്പി ഇങ്കെ പാര്” ഞാൻ പാത്തു (നോക്കി).

“തമ്പി അന്ത പെണ്ണ് ചിന്ന പെണ്ണല്ലേ, ചിന്ന പെണ്ണുക്കു ഇവള തിമിര് ഇരിക്കാവോ?” എന്ന് എന്നോട് ചോദിച്ചു. അത് ശരിയാണെന്നു എനിക്കും തോന്നി, ചിന്ന പെണ്ണുക്കു അതായതു പെൺകുട്ടികൾക്ക് തിമിര് (അഹങ്കാരം) പാടില്ല എന്ന അഭിപ്രായക്കാരൻ ആണ് ഞാനും. അതിനാൽ ഞാൻ തലയാട്ടി .അപ്പോൾ അതാ വരുന്നു അടുത്ത പിറു പിറക്കൽ “വന്നു വേല പണ്ണാതെ പേപ്പർ പഠിച്ചിട്ടിരിക്കു, എന്നിട്ടു എന്റെ തിമിര് പാക്കുന്നു” (വന്നിട്ട് ജോലി ചെയ്യാതെ പേപ്പർ വായിച്ചിട്ടിരിക്കുന്നു. എന്നിട്ടു എന്റെ അഹങ്കാരം നോക്കുന്നു)

ഡ്യൂട്ടി ആപ്പീസർ കേൾക്കൂല, എനിക്ക് കേൾക്കാം. പക്ഷെ അയാൾക്ക്‌ മനസ്സിലായി അയാളെ പറ്റി ഇവൾ എന്തോ പറഞ്ഞെന്നു
അപ്പോൾ അതാ അടുത്ത വാക്യം “തമ്പി പാര് ഒരു ചിന്ന പെണ്ണുക്ക്. ഇന്തമാതിരി തിമിര് പാടുവോ, എന്നാ കൊഴുപ്പു ഇന്ത പെണ്ണുക്ക്,”

കൊഴുപ്പു ന്നു വെച്ചാൽ മലയാള കൊഴുപ്പല്ല, തമിഴ് കൊഴുപ്പാണ് അതായതു അനുസരണക്കേടു, അടക്കവും ഒതുക്കവും ഇല്ലാത്തവൾ. ഞാൻ വീണ്ടും തലയാട്ടി, അല്ലാതെ എന്ത് ചെയ്യും നമ്മുടെ സീറ്റു ശരിയാകേണ്ടേ

ഞാനോ ശരിയായ ത്രിശങ്കു സ്വർഗ്ഗത്തിലും ഒന്ന് എന്നോടും ഇവളോടും ഇയാൾ കാണിക്കുന്ന നീതികേടിന്റെ ദേഷ്യം, പിന്നെ ഒരു പെണ്ണിനെ ഇങ്ങനെ കഷ്ടപെടുത്തുന്നതിന്റെ ആത്മരോഷം, പിന്നെ ഈ അവതാരത്തെ പിണക്കിയാൽ യാത്ര കുളമാവും എന്ന തിരിച്ചറിവും . ശരിക്കും പറഞ്ഞാൽ പെട്ടു. അതിനാൽ തന്നെ ഞാൻ താഴോട്ടേക്കു നോക്കി ഇരുന്നു. ഞമ്മക്ക് പ്രത്യേകിച്ചൊരു ദൈവം ഇല്ലാത്തതിനാൽ അങ്ങോരെയും വിളിക്കാൻ തോന്നിയില്ല.

അപ്പോൾ നമ്മുടെ ആപ്പീസർ എന്നോട് പറഞ്ഞു “തമ്പി ഉനക്ക് തെരിയുമോ ഞാൻ എവള ടെൻഷനിൽ ആണെന്ന് , ടെൻഷനിൽ എപ്പടി വേല പണ്ണും?

അത് ശരിയാണ് ടെൻഷനിൽ ചിലർക്ക് ജോലി ചെയ്യാൻ പറ്റില്ല. ഞാൻ തലയാട്ടി പറ്റില്ല എന്ന അർത്ഥത്തിൽ
അയാൾ തുടങ്ങി വീട്ടീന്ന് കലെലേ ഇന്ത പത്രം എടുത്തു അപ്പോഴേക്കും പൊണ്ടാട്ടി തൊന്തരവ് തുടങ്ങി, കുളന്തകളെ കുളിപ്പിക്കാതെ പത്രം പഠിക്കുന്നു എന്നും ശൊല്ലി ഒരേ ഒരു വഴക്കു.

ചില പൊണ്ടാട്ടികൾ അങ്ങിനെയാണ് തന്റെ പുരുഷൻ രാവിലെ തന്നെ ന്യൂസ് വായിച്ചിട്ടൊന്നും
ലോകം മാറില്ല എന്നറിയാവുന്നവർ, അതിനാൽ അവരുടെ വിചാരം തന്റെ കണവൻ രാവിലെ പത്രം വായിക്കേണ്ട ആവശ്യമില്ല, പറ്റുമെങ്കിൽ പത്രമേ വായിക്കേണ്ട എന്ന പക്ഷക്കാരാണ്.

പക്ഷെ ചില കണവന്മാർ അങ്ങിനെയല്ല. രാവിലെ പത്രം വായിച്ചു വല്ല നോർത്ത് കൊറിയ ന്യൂസും ഉണ്ടെങ്കിൽ ട്രംപിനെ ഫോൺ ചെയ്തറിയിച്ചില്ലെങ്കിൽ ലോകത്ത് ആണവ യുദ്ധം തുടങ്ങി പോവും എന്ന് വിചാരിക്കുന്നവർ ആണ് . ഇങ്ങനെയുള്ള കണവന്മാർക്കു ഇന്തമാതിരി പൊണ്ടാട്ടി യാണെങ്കിൽ എന്നും രാവിലെ ടെൻഷൻ ആയിരിക്കും.

ഡ്യൂട്ടി ആപ്പീസർ തുടർന്നു “അന്തേ തൊന്തരവിൽ ടെൻഷൻ ആയി, ഇങ്കെ വന്നു പേപ്പർ പഠിക്കാം എന്ന് നിനച്ചു വന്നപ്പോൾ, ഇങ്കെ ഇന്ത പെണ്ണ് പെരിയ തൊന്തരവായി നിക്കണ, തമ്പി ശൊല്ലു എനക്ക് ഒരു പേപ്പർ പോലും പഠിക്ക കൂടാതാ?

ശരിയാ ഞാനും രാവിലെ പേപ്പർ പഠിക്കാറുണ്ടായിരുന്നു പക്ഷെ അത് പഞ്ചിങിന് മുമ്പ്, അല്ലെങ്കിൽ ജി ഡി ഗോപാൽ എന്നെ ചവിട്ടി പുറത്തക്കുമായിരുന്നു. എന്തായാലും ഞാൻ അയാളോട് യോജിച്ചു തലയാട്ടി.

തമ്പി ഉനക്ക് തെരിയിത് എന്റെ ടെൻഷൻ, അന്ത തിമിര് പിടിച്ച പെണ്ണിന് തെരിയില. (നിനക്ക് എന്റെ ടെൻഷൻ മനസ്സിലാവുന്നുണ്ട് ആ പെണ്ണിന് മനസ്സിലാവുന്നില്ല) ഞാൻ ഒരു പത്ത് നിമിഷം പേപ്പർ പഠിച്ചിട്ടു അന്ത പെണ്ണിന്റെ ടിക്കറ്റു പാക്കലാം എന്ന് നിനച്ചതാണ്, പക്ഷെ ഇന്ത പെണ്ണ് എന്നെ പേപ്പർ പഠിക്കുവാൻ വിടുന്നില്ല. ടെൻഷൻ അപ്പടിയെ ഇരിക്ക്? പിന്നെ എപ്പടി ഇന്ത പെണ്ണിന്റെ സീറ്റ് ശരിയാക്കാൻ പാറ്റും?

അയാൾ പറഞ്ഞത് ശരിയാണ് വീട്ടിലെ പൊണ്ടാട്ടി ടെൻഷൻ കഴിഞ്ഞു ആപ്പീസിൽ വന്നപ്പോൾ അതിലും വലിയ മാരണം പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന പോലെ. ആപ്പീസർക്കു പേപ്പർ വായിച്ചിട്ടേ എന്തെങ്കിലും ചെയാൻ പറ്റു. എന്തായാലും ഞാൻ അതിനും തലയാട്ടി.

തമ്പി ഉനക്കു തിരിഞ്ഞു എന്റെ ടെൻഷൻ, അന്ത പെണ്ണുക്ക് തെരിയില , അല്ല തമ്പി എന്താ അന്റെ പ്രച്ചനം ?
(അനിയാ നിനക്കു എന്റെ പ്രശനം മനസ്സിലായി, ആ പെണ്ണിന് മനസ്സിലാവുന്നില്ല. അത് വീട് നിന്റെ പ്രശനം എന്താണ്?”

ഞാൻ ടിക്കറ്റ് കാട്ടി പറഞ്ഞു ബുക്ക് ചെയ്ത് ടിക്കറ്റാണ് സീറ്റില്ല എന്ന് പറയുന്നു, ആപ്പീസറു ടിക്കറ്റ് നോക്കി എന്നോട് പറഞ്ഞു തമ്പി ഇന്ത ടിക്കറ്റ് മെയ് അഞ്ചുക്കാണ് അതായതു അടുത്ത മാസം എന്ന് .
ടിക്കറ്റിൽ നോക്കിയപ്പോഴാണ് ഞെട്ടിപോയതു ഏജന്റ് ഏപ്രിൽ നാലിന് പെനാങ് ടു ചെന്നൈയും മെയ് അഞ്ചിന് ചെന്നൈ ട്ടോ കോഴിക്കോടും ആണ് ബുക്ക് ചെയ്തത് എന്ന്.ഏജന്റിന് പറ്റിയ പിശക്!!

എന്തായാലും അയാളുടെ ടെൻഷൻ എനിക്ക് മനസ്സിലായാതിനാൽ ആയിരിക്കും അതിൽ ഒരു ഒപ്പിട്ടു, എന്നിട്ടു പറഞ്ഞു പോയി കൗണ്ടറിൽ പറയു ഡ്യൂട്ടി ഓഫീസർ ചൊല്ലിയിരിക്കു ഉനക്കു ഒരു സീറ്റ് തരാൻ എന്ന്. പിന്നെ എന്നോട് മെല്ലെ പറഞ്ഞു അന്ത പെണ്ണ് ഒരു അര മണിക്കൂറും കൂടി അങ്കെ ഉക്കാരെട്ടെ എന്നിട്ടു അതിന്റെ കാര്യം ശരിയാക്കാം, കൊഞ്ചം കൊഴുപ്പ് കൂടെ ”

എന്തായാലും ടിക്കറ്റുമായി കൗണ്ടറിൽ ചെന്ന്. സീറ്റ് തന്നു. വിമാനത്തിൽ കയറാൻ ചെന്നപ്പോൾ കുറച്ചു മലപ്പുറത്തുകാർ കാക്കമാരും ഉണ്ടായിരുന്നു 12 പേർ , എന്നോട് ചോദിച്ചു ഇങ്ങള് എത്ര കായി കൊടുത്തു? ഞാൻ പറഞ്ഞു ഞാനൊന്നും കൊടുത്തില്ല. ഞമ്മളോട് ആ കള്ള പഹയന്മ്മാർ ഒരു ടിക്കറ്റിനു 600 രൂപ കൈക്കൂലി ബാങ്കിച്ചു. അല്ലേൽ സീറ്റ് ബേറെ ആൾക്ക് കൊടുക്കും എന്ന് പറഞ്ഞു. അങ്ങനെ 7200 രൂപ ഇവന്മാരുടെ അടുത്ത നിന്ന് ഊറ്റി നമ്മുടെ കൗണ്ടർ ചങ്ങായിമാർ.

അപ്പോഴേക്കും നമ്മുടെ തമിഴ് മങ്ക ഏതോ ഒരു വലിയ ആപത്തിൽ നിന്നും രക്ഷപെട്ട മുഖഭാവത്തോടെ ഡ്യൂട്ടി ആപ്പീസറുടെ ആപ്പീസിൽ നിന്നും പോവുന്നത് കണ്ടു. എന്തായാലും ഇന്ത്യയെ ഒറ്റ വരവിൽ തന്നെ ആ തമിഴ് മങ്ക തൊട്ടറിഞ്ഞു എന്ന് കട്ടായം.

ഇനി വിമാനത്തിൽ കയറിയപ്പോഴെല്ല നമ്മുടെ കാക്കമാർക്കു അമളി മനസ്സിലായത്. കാരണം ഞാനും ഈ കാക്കമാരും പിന്നെ കഷ്ടിച്ച് പത്ത് പേരും മാത്രം. ആ കാലി വിമാനത്തിനാണ് കാക്കമാർ ബ്ലാക്കിൽ ടിക്കറ്റ് സംഘടിപ്പിച്ചത്. എന്തായാലും ഓനെ എന്നെങ്കിലും ഞമ്മളെ കൈയിൽ കിട്ടും, അന്നേരം ഓനെ ഇമ്പക്ക് ശരിയാക്കാം എന്ന് പറഞ്ഞു പരസ്പരം സമാധാനിപ്പിച്ചു ഞാനും കാക്കമാരും സുഖകരമായി ദൈവത്തിന്റെ നാട്ടിലേക്കു പറന്നു

Leave a Reply

Leave a Reply

Be the first to comment

Leave a Reply